Friday, July 15, 2016

ശുദ്ധിവാദത്തില്‍ ഉടഞ്ഞുപോകുന്ന കേരളീയ മുസ്ലിം നവോത്ഥാനം !!!

കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ കാണാതാവല്‍ കേരളീയ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ‘കേരള മുസ്‌ലിം’ എന്ന സവിശേഷമായ സംജ്ഞയും മുസ്‌ലിം നവോത്ഥാനവും ആധുനിക ഉത്തരാധുനിക വിമര്‍ശന പദ്ധതികളുടെ അകമ്പടിയോടെ പല കോണുകളില്‍ നിന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനം ശുദ്ധിവാദത്തിന്റെ അളവുകോലില്‍ തട്ടി തുടര്‍ച്ചകള്‍ നഷ്ടമായിരിക്കുന്ന ഒരവസ്ഥയിലാണിപ്പോഴുള്ളത്. നവോത്ഥാനം എന്ന പദം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെടുന്നത് കൊണ്ടാണ് പലപ്പോഴും അതിന്റെ അവകാശികളും പിന്തുടര്‍ച്ചക്കാരും ആരെന്ന തര്‍ക്കം ഉടലെടുക്കുന്നത്.
വിശ്വാസരംഗത്ത് ജീര്‍ണതയില്‍ ആണ്ടുപോയിരുന്ന ഒരു ഘട്ടത്തില്‍ വൈയക്തികമായും സംഘമായും നിര്‍വഹിക്കപ്പെട്ട സംസ്‌കരണ പ്രക്രിയക്ക് നവോത്ഥാനമെന്ന പേരിനേക്കാള്‍ യോജിക്കുക പരിഷ്‌കരണം എന്നാണ്. വിശ്വാസരംഗത്ത്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിലാണ് ശുദ്ധിവാദം (പ്യൂരിറ്റാനിസം) പ്രഥമമായി പ്രയോഗിക്കപ്പെട്ടത്. ഏകദൈവാരാധനയുടെ കാര്യത്തില്‍ മുസ്‌ലിം സമുദായം ഇസ്‌ലാമിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരികെ പോകണമെന്നായിരുന്നു ആദ്യകാല പരിഷ്‌കരണ പ്രവര്‍ത്തകരുടെ ആഹ്വാനം. എന്നാല്‍ അതേ കാലത്ത് തന്നെ മറ്റ് സമുദായങ്ങളുടെ ഇടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമുദായത്തിനിടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും പ്രയോഗിക തലത്തില്‍ സമാനമായിരുന്നു. ആധുനികതയോടുള്ള ക്രിയാത്മകമായ സമീപനമായിരുന്നു പൊതുസവിശേഷത.
എന്നാല്‍, വിവിധ മേഖലകളില്‍ നടന്ന ആധൂനീകരണ പ്രക്രിയകളുടെ പ്രചോദനം വ്യത്യസ്തമായിരുന്നു. വക്കം മൗലവിയുടേയും കേരള മുസ്‌ലിം ഐക്യസംഘത്തിന്റേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ശ്രീനാരായണ ഗുരുവിന്റെ അവര്‍ണര്‍ക്ക് വേണ്ടിയുള്ള വിദ്യാലയങ്ങളും ഏലിയാസ് ചാവറയച്ചന്‍ എല്ലാ ഇടവകകളിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രവര്‍ത്തന തലത്തില്‍ സമാന സ്വഭാവമുള്ളതായിരുന്നെങ്കിലും അവയുടെ പ്രചോദന കേന്ദ്രങ്ങള്‍ വ്യത്യസ്തമായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവും ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന അരുവിപ്പുറം പ്രതിഷ്ഠയും ആരാധനാ കേന്ദ്രങ്ങളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളായിരുന്നു. രണ്ടിന്റെയും പ്രചോദന കേന്ദ്രങ്ങള്‍ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ.

ശുദ്ധിവാദവും നവോത്ഥാനവും

മുസ്‌ലിം സമുദായത്തിനുള്ളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും പ്രചോദന കേന്ദ്രം ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമായിരുന്നു. വിശ്വാസ രംഗത്ത് ആദിമ വിശുദ്ധിയിലേക്ക് തിരികെ പോകാന്‍ ആഹ്വാനം ചെയ്ത നവോത്ഥാന നായകര്‍ ആരും തന്നെ, സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക രംഗത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രവാചക കാലത്തെ വിശുദ്ധിയെക്കുറിച്ചോ ആ മഹത്വത്തിലേക്ക് തിരികെ പോകണമെന്നോ അക്ഷരാര്‍ഥത്തില്‍ പറഞ്ഞിരുന്നില്ല. ജീവിക്കുന്ന കാലത്തെ ഏറ്റവും പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലേക്കും മാര്‍ഗങ്ങളിലേക്കും ചേക്കേറുന്നതിനെക്കുറിച്ചും പൊതു മണ്ഡലത്തില്‍ സജീവമാകുന്നതിനെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് പൊതു വിദ്യാലയങ്ങളിലേക്ക് സമുദായത്തെ ആകര്‍ഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സ്വദേശാഭിമാനി പോലുള്ള പത്രപ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത്.

വക്കം മൗലവി
വക്കം മൗലവി
സ്വന്തമായി പത്രം തുടങ്ങാന്‍ സാധിച്ച വക്കം മൗലവിക്ക് സ്വന്തമായി അറബി പഠിപ്പിക്കുന്ന സ്‌കുള്‍ തുടങ്ങാന്‍ സാധിക്കുമായിരുന്നിട്ടും, സര്‍ക്കാറിന് നിവേദനം നല്‍കി അറബി ഭാഷ ഉള്‍പ്പെടുത്തി, മുസ്‌ലിം സമുദായത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചത് പൊതുമണ്ഡല രൂപീകരണത്തിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധകൊണ്ടായിരുന്നുവെന്ന് കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പി ഗോവിന്ദപിള്ള നിരീക്ഷിക്കുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ സാധ്യമായെങ്കില്‍ മാത്രമേ നവോത്ഥാനം സാധ്യമാകൂവെന്ന് വക്കം മൗലവി തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവിന് എത്രകാലം വരെ തുടര്‍ച്ചകള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷിക്കേണ്ടത്.
എല്ലാ വെള്ളിയാഴ്ചകളിലും മലയാളത്തില്‍ നടക്കുന്ന ജുമുഅ പ്രസംഗങ്ങള്‍ (ഖുതുബകള്‍), പ്രാഥമിക മതപഠന കേന്ദ്രങ്ങളില്‍ അറബി മലയാളത്തിന് പകരം മലയാള ഭാഷ, മലയാളി മുസ്‌ലിമിന്റെ മതപഠന കേന്ദ്രമായിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും (മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠന സംവിധാനം) പകരം ആധുനിക ബോധന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മതപഠനം തുടങ്ങിയ ഏതാനും ചില മേഖലകളില്‍ മാത്രം അത് ഒതുങ്ങിപ്പോയി എന്നതാണ് നവോത്ഥാന പ്രക്രിയ നേരിട്ട പ്രതിസന്ധി. അനുസ്യൂതം തുടരുന്ന ഒരു ഒഴുക്ക് അതിനുണ്ടായില്ല. അതേ സമയം, വിശ്വാസ കര്‍മരംഗത്ത് ‘പരിഷ്‌കരണം’ തുടരുകയും ചെയ്തു.
മുസ്‌ലിം സ്ത്രീ പള്ളിപ്രവേശനവും അന്ധവിശ്വാസനാചാരങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍ ഏറെക്കുറെ വിപാടനം ചെയ്യുവാനും ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍, മുസ്‌ലിം സ്ത്രീകളെ സാമൂഹിക നേതൃരംഗത്തേക്ക് എത്തിക്കുന്നതിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലത്തിനനുസരിച്ച് മുന്നോട്ട് പോകുന്നുതിലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചകള്‍ ഉണ്ടായില്ല. എഴുപതുകള്‍ക്ക് ശേഷം, വിദ്യാഭ്യാസ രംഗത്ത് കടന്നുവന്ന സമന്വയ വിദ്യാഭ്യാസവും മള്‍ട്ടി ഡിസിപ്ലിനറിയും ഉള്‍ക്കൊണ്ട് കേരളത്തില്‍ മുന്നോട്ട് പോകാന്‍ സാധിച്ചത് യാഥാസ്ഥിതിക വിഭാഗം എന്ന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുദ്രകുത്തുന്ന സുന്നി വിഭാഗങ്ങള്‍ക്കാണ്.

സലഫിസത്തിലേക്കുള്ള വഴി

കേരളത്തില്‍ നടന്ന മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ സലഫിസവുമായി ചേര്‍ത്ത് വായിക്കുന്നതില്‍ അപാകതയുണ്ട്. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാഹ് എന്ന സംജ്ഞയുടെ ഭാഗമായി മനസ്സിലാക്കുന്നതിലാണ് കൂടുതല്‍ ശരി. ഇംഗ്ലീഷില്‍ റിഫോര്‍മേഷന്‍, റിവൈവല്‍ എന്നെല്ലാം അര്‍ഥം പറയാവുന്ന പദമാണ് അറബിയിലെ ഇസ്‌ലാഹ്. വ്യക്തികളെയും സമൂഹങ്ങളെയും ഇസ്‌ലാമിന്റെ വിശുദ്ധിയിലേക്ക് മടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്‌ലാഹ് അഥവാ പരിഷ്‌കരണം എന്ന് പറയുന്നത്. (ഖുര്‍ആന്‍ 11: 88). ആദിമ വിശുദ്ധിയിലേക്കുള്ള മടക്കം എന്നാല്‍ മാനവ സംസ്‌കാരത്തിന്റെ ആദ്യഘട്ടങ്ങളെ പുനരാവര്‍ത്തനം ചെയ്യുക എന്നതല്ല, മറിച്ച് അക്കാലം തൊട്ട് രൂപപ്പെട്ട ആശയസംഹിതയുടെ പരിശുദ്ധി തിരിച്ചെടുക്കുക എന്നതാണെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഇര്‍ഫാന്‍ അഹമ്മദ് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാഹിന്റെ അഥവാ പരിഷ്‌കരണത്തിന്റെ സൈദ്ധാന്തിക അടിത്തറ എക്കാലത്തും ഒന്നായിരിക്കുകയും പ്രസ്തുത പ്രക്രിയ നവീനമായിരിക്കുകയും ചെയ്യും.

കെഎന്‍എം സമ്മേളനം
കെഎന്‍എം സമ്മേളനം
എന്നാല്‍, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ പെട്രോള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് മുതല്‍ സൗദി അറേബ്യ കേന്ദ്രമായുള്ള സലഫി ആശയധാരയ്ക്ക് കേരളത്തിനകത്തും പുറത്തും സ്വീകാര്യത ലഭിച്ചു. എഴുപതുകള്‍ക്ക് ശേഷം കേരളത്തില്‍ നിന്നുളള വമ്പിച്ച ഗള്‍ഫ് പ്രവാസവും അതുണ്ടാക്കിയ സാമ്പത്തിക അഭിവൃദ്ധിയും മധ്യവര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ചയും കേരള മുസ്‌ലിംകളുടെ ദിശാനിര്‍ണയത്തില്‍ സ്വാധീനിച്ചു. 1979 ല്‍ പുളിക്കല്‍ വെച്ച് നടന്ന മുജാഹിദ് സമ്മേളനത്തിന് ശേഷം, മുജാഹിദ് പ്രസ്ഥാനത്തിന്റെ വിവിധ സമ്മേളനങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികള്‍ ധാരാളമായി സംബന്ധിച്ചു. ക്രമേണ, ശുദ്ധിവാദം വിശ്വാസരംഗങ്ങളില്‍ നിന്ന് സാമൂഹിക രാഷ്ട്രീയ രംഗത്തേക്കും കടന്നുവരാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്ക് ശേഷം അത് ശക്തിപ്പെടുകയും സലഫി രീതിശാസ്ത്രം (സലഫി മന്‍ഹജ്) അനുസരിച്ചല്ലാത്ത എല്ലാ കാര്യങ്ങളും ഇസ്‌ലാമികവിരുദ്ധമായി കണക്കാക്കുകയും ചെയ്തു.
ഏകദൈവ വിശ്വാസത്തിന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സലഫി രീതിശാസ്ത്രം ഒരു ബുഹസ്വര സമൂഹത്തിന് യോജിച്ചതോ ഉള്‍ക്കൊള്ളാനാവുന്നതോ ആയിരുന്നില്ല. പ്രമാണങ്ങളുടെ അക്ഷരവായന ആന്തരികവത്കരിച്ച പ്രസ്തുത രീതിശാസ്ത്രം സാമൂഹിക രംഗങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിനും കാര്‍ക്കശ്യത്തിലേക്കും വഴിതെളിയിച്ചു. കേരളത്തിന്റെ പ്രഥമ ചരിത്രഗ്രന്ഥമായ തുഹ് ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ തുടങ്ങുന്ന പരിഷ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളെ പെട്രോള്‍ കണ്ടുപിടുത്തത്തിന് ശേഷം കടന്നുവന്ന സലഫിസവുമായി കൂട്ടിച്ചേര്‍ക്കുന്നത് ചരിത്രപരമായും വസ്തുനിഷഠാപരമായും തെറ്റാണ്.

മുസ്‌ലിം ലീഗിന്റെ പങ്ക്


മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ 
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ 
കേരളത്തില്‍ മുസ്‌ലിം സമുദായത്തെ പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചതില്‍ മുജാഹിദ് പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനും ഒരു പോലെ പങ്കുണ്ട്. ഐക്യകേരളം രൂപീകരിച്ചതിന് ശേഷം, മുസ്‌ലിം സമുദായത്തിനിടയിലുണ്ടായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗിന്റെയുംമ മുജാഹിദ് പ്രസ്ഥാനം അടക്കമുള്ള സമുദായ സംഘടനകളുടെയും പങ്ക് വ്യക്തമാകുന്നതാണ്. മുസ്‌ലിം ലീഗിന് ധൈഷണികമായി നേതൃത്വം നല്‍കിയിരുന്നത് മുജാഹിദ് നേതാക്കളായിരുന്നു. കെ എം മൗലവി, ഒരേ സമയം കേരള നദ് വത്തുല്‍ മുജാഹിദീന്റെ പ്രസിഡന്റും മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. സീതിസാഹിബിനെ പോലുള്ളവരുടെ ദീര്‍ഘവീക്ഷണവും ബാഫഖി തങ്ങളെ പോലുള്ളവരുടെ ജനകീയാടിത്തറയുമാണ് മുസ്‌ലിം സമുദായത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് നയിച്ചതെന്ന് മുസ്‌ലിം ലീഗിന്റെ ചരിത്രകാരന്മാര്‍ എല്ലാം സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം സാമൂഹിക രംഗത്ത് നിന്നുള്ള പിന്മാറ്റം ആരംഭിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനം, 2002 ലെ പിളര്‍പ്പോടുകൂടി അത് മൂര്‍ധന്യദശയിലെത്തി. ഇത് മുസ്‌ലിം ലീഗിനും സമുദായത്തിനും ധൈഷണിക സംഭാവനകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി. 1989 ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന്, ലീഗിന് ‘സമുദായത്തിന്റെ പൊതുവേദി’ എന്ന സ്ഥാനം നഷ്ടമായി. അതുകൊണ്ട് തന്നെ, തൊണ്ണൂറുകള്‍ക്ക് ശേഷം മുസ്‌ലിം നവോത്ഥാന രംഗത്ത് കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്‌ലിം ലീഗിനും മുജാഹിദ് പ്രസ്ഥാനത്തിനും സാധിച്ചിട്ടില്ല.
ഒരു സമൂഹത്തിന്റെ പുരോഗതിയിലേക്ക് നയിച്ചിരുന്ന ഘടകങ്ങള്‍ ഏതെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കുന്നത് അതിന്റെ കാര്‍ബണ്‍ കോപ്പി പുതിയകാലത്ത് പ്രതിഷ്ഠിക്കാനല്ല, മറിച്ച് ആ ഘടകങ്ങളുടെ നവീനവും കാലികവുമായ നിര്‍വഹണമാണ് അതിലൂടെ സാധ്യമാകേണ്ടത്. ശുദ്ധിവാദം നവോത്ഥാന പ്രസ്ഥാനത്തെ വഴിതെറ്റിച്ചത് അവിടെയാണ്. ഏകദൈവ വിശ്വാസരംഗത്ത് ആദിമവിശുദ്ധിയിലേക്ക് മടങ്ങാനുള്ള ആഹ്വാനം, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള എക്‌സറ്റന്‍ഷനായി മാറി എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. അത് ഇരട്ടത്താപ്പും കാപട്യവും ഉള്ളില്‍പേറി നടക്കുന്ന അവസ്ഥയുണ്ടാക്കി. അതുകൊണ്ടാണ്, ആദിമവിശുദ്ധിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനങ്ങള്‍, ഏറ്റവും നവീനമായ സാങ്കേതിക വിദ്യയിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത്.
ഈ കാപട്യത്തോട് കൂടി ജീവിക്കാന്‍ സാധിക്കില്ലെന്ന പ്രഖ്യാപനമാണ് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള പാലായനം. കാരണം, ശുദ്ധിവാദ പ്രകാരം ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. മുസ്‌ലിം ലീഗിന്റെ റോള്‍ ഇവിടെയാണ്. ലോകത്ത് അപൂര്‍വമായി മാത്രം കാണുന്ന ഒരു സവിശേഷത കൂടിയാണ് മുസ്‌ലിം ലീഗ്. ഒരു മതേതര ജനാധിപത്യ രാജ്യത്ത്, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ജീവിക്കാനാവും എന്ന് തെളിയിക്കുന്നതാണ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. അത് അവന്റെ വിശ്വാസത്തിനോ രാജ്യത്തെ മതേതരമായ നിയമസംവിധാനങ്ങള്‍ക്കോ യാതൊരു പോറലുമേല്‍പിക്കുന്നില്ല എന്ന പ്രഖ്യാപനം കൂടിയാണത്.

മുന്നോട്ടുള്ള വഴി




ടി പി അഷ്‌റഫലിയും പി കെ ഫിറോസും
ടി പി അഷ്‌റഫലിയും പി കെ ഫിറോസും
വളരെ വലിയ ദൗത്യമാണ് മുസ്‌ലിം ലീഗിന് നിര്‍വഹിക്കാനുള്ളത്. പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന പലരും ഇന്ന് സംഘടനാപരമായി ലീഗിന്റെ മുഖ്യധാരക്ക് പുറത്താണ് നില്‍ക്കുന്നത്. പള്ളികളില്‍ നിന്ന് അനാവശ്യമായി ശബ്ദം പുറത്ത് വിടുന്നത് നിയന്ത്രിക്കണമെന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെട്ട യൂത്ത് ലീഗ് നേതാവാണ് പി കെ ഫിറോസ്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അതേ അഭിപ്രായം ലീഗ് അധ്യക്ഷന്‍ തന്നെ മുന്നോട്ട് വെച്ചു.
ഏറെക്കാലം സാമൂഹിക നവോത്ഥാനത്തിന് ഉതകുന്ന പ്രമേയങ്ങളൊന്നും തന്നെ മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ച ധിഷണാപരമായ തളര്‍ച്ച അതിന്റെ കാരണമാവാം. പ്രമാണിമാരെയും മധ്യവര്‍ഗ സമൂഹത്തെയും പിണക്കുന്ന നിലപാടുകള്‍ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാവുക അപൂര്‍വമാണ്. എന്നാല്‍ അടുത്ത കാലത്തായി, ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് രംഗത്തുവന്നു. അതേസമയം, വിവാഹപ്രായം സംബന്ധിച്ച് പുരോഗമനപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും പി കെ ഫിറോസും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. സമുദായത്തെ മുന്നോട്ട് നയിക്കുന്ന അജണ്ടകള്‍ ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് മടി കാണിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഒരു കാലത്ത് ഖമറുന്നീസ അന്‍വറിനെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായിരുന്നു. പിന്നീട് മുസ്‌ലിം പെണ്‍കുട്ടികള്‍ സാമൂഹിക രംഗത്ത് ഏറെ ദൃശ്യപ്പെടുന്ന ഈ കാലത്ത് ഒരു സ്ത്രീയെ പോലും മത്സരിപ്പിക്കാന്‍ സാധിക്കാതെ പോയത്, പുരോഗമനപരമായ അജണ്ടകളുമായി ധൈഷണിക പിന്തുണ നല്‍കാന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകത്തത് കൊണ്ടാണ്.
ആത്മനിഷ്ഠമല്ലാത്ത യുക്തിബോധം (Non Subjective Reason) അടിസ്ഥാനപ്പെടുത്തി, നവീനമായ പരിഷ്‌കരണ ചിന്തകള്‍ മുന്നോട്ട് വെക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രസംഗം മലയാളത്തില്‍ നടത്താന്‍ ധൈര്യം കാണിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണ്. കേരള മുസ്ലിംകളുടെ ഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന സമസ്ത വിഭാഗങ്ങള്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന ശുദ്ധിവാദത്തെ നിരസിച്ചുകൊണ്ട് തന്നെ സാമുദായിക നവോത്ഥാനത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, സമുദായത്തെ കൂടുതല്‍ ഉള്‍വലിയുന്നതില്‍ നിന്നും മാറ്റിനിര്‍ത്തി, പൊതുമണ്ഡലവുമായി ഇഴകിച്ചേരാന്‍ പ്രാപ്തമാക്കേണ്ട ഉത്തരവാദിത്തം കൂടി അതിനുണ്ട്. സാമൂഹിക നവോത്ഥാനത്തില്‍ സമുദായത്തിലെ ഓരോ അംഗവും, ലിംഗഭേദമന്യേ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ട് എന്നുറപ്പുവരുത്തണം. സ്തീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലും നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിലും ലീഗിന് വലിയ എതിര്‍പ്പുണ്ടാകുന്നത് സമസ്തയുടെ ഭാഗത്ത് നിന്നാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രചോദനമേകുന്ന ആശയസ്രോതസ്സിനെ അവലംബമാക്കി കൊണ്ട് തന്നെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തി, സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളോടെ മുന്നോട്ട് പോകാന്‍ സാധിക്കും. ആ സാധ്യതയെ ഏതറ്റം വരെ ഉപയോഗപ്പെടുത്താന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകുന്നു എന്നിടത്താണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാവി.


No comments:

Post a Comment