Monday, July 23, 2012

വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെങ്കില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.

മുജാഹിദ്‌ ഔദ്യോഗിക വിഭാഗം ഖുറാനില്‍ എത്ര സൂക്തങ്ങള്‍ ദുര്‍ബല്മാക്കപ്പെട്ടു എന്ന് അറിയിക്കണമെന്ന് ജനാബ് സലാം സുല്ലമി ആവശ്യപ്പെടുന്നു..




എ അബ്‌ദുസ്സലാം സുല്ലമി
``ചുരുക്കത്തില്‍ ഖുര്‍ആനില്‍ നസ്‌ഖ്‌ (ദുര്‍ബലമാക്കപ്പെട്ട സൂക്തം) ഉണ്ട്‌ എന്ന്‌ ചേകന്നൂരികള്‍ അംഗീകരിക്കുന്നില്ല എന്ന്‌ വ്യക്തമായില്ലേ? ഇനി ഈ വിഷയത്തില്‍ മടവൂരികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കൂടി നമുക്ക്‌ വിശകലനം ചെയ്യാം. മടവൂരി നേതാവ്‌ എഴുതുന്നത്‌ കാണുക: പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത്‌ പോലും ദുര്‍ബലമായത്‌ ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്‌ (ബുഖാരി പരിഭാഷ, അബ്‌ദുസ്സലാം സുല്ലമി, 2/761) (അല്‍ഇസ്വ്‌ലാഹ്‌ -2012 മെയ്‌, പേജ്‌ 29). ``കണ്ടല്ലോ! ഖുര്‍ആനില്‍ നസ്‌ഖുണ്ടോ (ദുര്‍ബലാക്കപ്പെട്ട സൂക്തം) എന്ന വിഷയത്തില്‍ ചേകനൂരികള്‍ പറഞ്ഞതു തന്നെയാണ്‌ മടവൂരികളും ആവര്‍ത്തിച്ചിരിക്കുന്നത്‌. രണ്ട്‌ വിഭാഗവും ഖുര്‍ആനിലെ നസ്‌ഖിനെ അംഗീകരിക്കുന്നില്ല.'' (പേജ്‌ 29)
കെ കെ സകരിയ്യ, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ജബ്ബാര്‍ മൗലവി, മുതലായവര്‍ക്ക്‌ എല്ലാം തന്നെ പല വിഷയത്തില്‍ വ്യക്തിപരമായ പല അഭിപ്രായങ്ങള്‍ ഉണ്ട്‌. ഈ അഭിപ്രായമെല്ലാം നവയാഥാസ്ഥിതികരുടെ പൊതുവായ അഭിപ്രായമായി ഇവര്‍ പരിഗണിക്കുമോ? ഇതാണ്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌. ഞാന്‍ മടവൂരികളുടെ നേതാവാണ്‌ എന്നതും ഇവരുടെ ജല്‌പനമാണ്‌. യാതൊരു സ്ഥാനവും ഞാന്‍ വഹിക്കുന്നില്ല. `സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‌ക്കണം, അവരെ സഹായിക്കണം, സ്വന്തം ശരീരത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും എതിരായിരുന്നാലും' എന്ന ഖുര്‍ആന്റെ നിര്‍ദേശം അനുഷ്‌ഠിച്ചുകൊണ്ട്‌ യഥാര്‍ഥ മുജാഹിദുകളുമായി ഞാന്‍ പൊതുവായ നിലക്ക്‌ സഹകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവരുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക്‌ സ്വീകാര്യമല്ല. എന്റേത്‌ അവര്‍ക്കും പല വിഷയങ്ങളിലും സ്വീകാര്യമല്ല താനും. മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പും ഈ അടിസ്ഥാന തത്വത്തെ ആദരിച്ചുകൊണ്ടാണ്‌ ഞാന്‍ മുജാഹിദായി ജീവിച്ചിരുന്നത്‌. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നതാണ്‌.
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെടുന്ന സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ അഹ്‌ലുസ്സുന്നയുടെ പാതയില്‍ ജീവിക്കുന്നവനാവുകയുള്ളൂ എന്നതാണ്‌ നിയമമമെങ്കില്‍ ഭൂമിയില്‍ എത്ര മണല്‍ത്തരികള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവനാണെന്ന്‌ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെന്നതില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.
ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നതു കാണുക:
1. ജൂത ക്രിസ്‌ത്യാനികള്‍ പ്രസിദ്ധീകരിച്ച `ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``ഒരാള്‍ ഖുര്‍ആനും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ അതില്‍ ധാരാളമായി കാണുന്നതാണ്‌. ഒരു സൂറത്തും ഒഴിവാകാത്ത അവസ്ഥയില്‍. ഇത്‌ മനുഷ്യചിന്തയെ കുഴപ്പത്തിലാക്കുന്നു. ആശയത്തെ അജ്ഞാതമാക്കുന്നു (പേജ്‌ 43).
ജൂത-ക്രിസ്‌ത്യാനികളുടെ ഈ വിമര്‍ശനത്തെ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തം ഉണ്ടെന്ന്‌ പറയുന്ന നവയാഥാസ്ഥിതികര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഖുര്‍ആനില്‍ എത്ര ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാം ആണെന്നും ഇവര്‍ പ്രവാചകന്റെ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിവരിക്കണം. വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ചതിനാല്‍ ഒരു ദുര്‍ബല ഹദീസില്‍ പോലും മുഹമ്മദ്‌ നബി(സ) ഏതെങ്കിലും ഒരു സൂക്തമെങ്കിലും ദുര്‍ബലമാക്കപ്പെട്ടതാണെന്ന്‌ വ്യാഖ്യാനിച്ചത്‌ ഇവര്‍ക്ക്‌ ഉദ്ധരിക്കാന്‍ സാധിക്കുകയില്ല. 
2. ``എന്നാല്‍ ആ അഭിപ്രായത്തെ (ബൈബിള്‍ ദുര്‍ബലമാക്കപ്പെട്ടു എന്നതിനെ) പിന്‍താങ്ങുന്നതായി ഖുര്‍ആനിലെ ഒരൊറ്റ പദമോ ശീഅകളുടെയും സുന്നികളുടെയും ഇടയില്‍ പ്രചാരത്തിലുള്ള ഏതെങ്കിലും പാരമ്പര്യകഥകളോ (അഹാദീസ്‌) ഇല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്‌. വാസ്‌തവത്തില്‍ ഖുറാനിലെ പൊതുവായ അഭിപ്രായം ഇതിനു വിരുദ്ധമാണ്‌. `അസാധുവാകുക' എന്നര്‍ഥമുള്ള നസാഖ എന്ന ക്രിയാപദം ഖുര്‍ആനില്‍ രണ്ടു പ്രാവശ്യം മാത്രമേ വരുന്നുള്ളൂ (സൂറ: 2:106: 22:52). അവിടെയൊന്നും പഴയ നിയമത്തെയോ (തൗറാത്ത്‌) പുതിയ നിയമത്തെയോ (ഇഞ്ചീല്‍) ബാധിക്കുന്നതായി ഉദ്ദേശിച്ചിട്ടുമില്ല. നേരേ മറിച്ച്‌ ഖുറാനിലെ തന്നെ ചില വാക്യങ്ങള്‍ അസാധുവാക്കപ്പെട്ടതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. മുസ്‌ലിം ഉലമ പറയുന്നത്‌ അപ്രകാരം 225 വാക്യങ്ങള്‍ അസാധുവാക്കപ്പെട്ടിട്ടുണ്ടെന്നതാണ്‌'' (മീസാനുല്‍ഹഖ്‌, സത്യത്തിന്റെ തുലാസ്‌, മര്‍കസുല്‍ ബിശാറ, പേജ്‌ 64)
വിശുദ്ധ ഖുര്‍ആനില്‍ 225 സൂക്തങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടത്‌ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ഇവിടെ എഴുതുന്നതിനെ നവയാഥാസ്ഥിതികന്മാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ എത്ര എണ്ണമുണ്ടെന്ന്‌ ഇവരുടെ അഭിപ്രായം ഇവരുടെ പ്രസിദ്ധീകരണത്തില്‍ എഴുതട്ടെ.
3. `നസ്‌ഖ്‌' അഥവാ ദുര്‍ബലപ്പെടുത്തല്‍ എന്ന പദം ഖുര്‍ആനില്‍ രണ്ടു പ്രാവശ്യം ചേര്‍ത്തിയിട്ടുണ്ട്‌ (സൂറ 2:106, 22:52). ഈ രണ്ടു ഭാഗത്തും പഴയനിയമത്തെയോ (തൗറാത്ത്‌) പുതിയനിയമത്തെയോ (ഇഞ്ചീല്‍) കുറിക്കുന്നില്ല എന്നതു വളരെ ശ്രദ്ധേയമാണ്‌. പിന്നെയോ, അത്‌ ഖുര്‍ആനിലെ ചില വചനങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിനെ കുറിക്കുന്നു. (മിശിഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? പേജ്‌ 8). വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമില്ലെന്ന സത്യം ചേകനൂര്‍ മൗലവിയും പറഞ്ഞിട്ടുണ്ടെങ്കില്‍ ഇപ്രകാരം പറയുന്നവരെല്ലാം ചേകന്നൂരിയാകുമെങ്കില്‍ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന്‌ പറയുന്നവരെല്ലാം തനിച്ച ജൂതനും ക്രിസ്‌ത്യാനിയുമാകുന്നതാണ്‌. കാരണം വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട മന്‍സൂഖ്‌ സൂക്തങ്ങള്‍ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ശക്തിയായി വാദിക്കുന്നതാണ്‌ നാം മുകളില്‍ കണ്ടത്‌. ഇനിയും കാണുക.
4. വാസ്‌തവത്തില്‍ ദുര്‍ബലപ്പെടുത്തല്‍ തൗറാത്തിനെയും ഇഞ്ചീലിനെയും അപേക്ഷിച്ച്‌ ഒരു പ്രതിപാദ്യ വിഷയമല്ല. അവ ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ മാത്രം പ്രത്യേകമായതാണ്‌. മുസ്‌ലിം പണ്ഡിതര്‍ ഈ കാര്യം നിഷേധിച്ചിട്ടുമില്ല. ദുര്‍ബലപ്പെടുത്തല്‍ ഈ സമുദായത്തില്‍ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും ഒരു പ്രമുഖ പണ്ഡിതനായ സുയൂതി പറഞ്ഞിട്ടുണ്ട്‌ (മിശിഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? മര്‍കസുല്‍ ബിശാറ, പേജ്‌ 14). നവയാഥാസ്ഥിതികര്‍ എഴുതുന്നു: ``ഈ വിഷയത്തില്‍ വിശ്വാസികളുടെ നിലപാടെന്താണ്‌? ഇതും കൂടി നാം അറിഞ്ഞിരിക്കണം, അമാനി മൗലവി (റഹി) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അമുഖത്തില്‍ ഈ വിഷയം സമഗ്രമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്‌. അതിലെ ചില വരികള്‍... ഖുര്‍ആനില്‍ നസ്‌ഖ എന്നൊന്ന്‌ തീരെ ഇല്ലെന്ന്‌ ധരിക്കുകയും അങ്ങനെ വാദിക്കുകയും ചെയ്യാറുണ്ട്‌. വാസ്‌തവത്തില്‍ സത്യവിശ്വാസികള്‍ അടക്കമുള്ള മുന്‍ഗാമികള്‍ കല്‌പിച്ചിരുന്ന വിപുലാര്‍ഥത്തിലുള്ള നസ്‌ഖ്‌ ഖുര്‍ആനില്‍ ഉണ്ടായിരുന്നത്‌ യുക്തിഹീനമല്ല. സ്വാഭാവികം മാത്രമാണ്‌''(അല്‍ഇസ്‌ലാഹ്‌ മാസിക, 2012 മെയ്‌, അബ്‌ദുല്‍ മാലിക്‌ സലഫി, പേജ്‌ 29, മടവൂരി സംഘം ചേകനൂരിസത്തിന്റെ ഉമ്മറപ്പടിയില്‍ (2) ഈ വര്‍ഗത്തിന്‌ നസ്‌ഖും മന്‍സൂഖും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെയാണ്‌ ജല്‌പനങ്ങള്‍ നടത്തുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ നസ്‌ഖ്‌ (ദുര്‍ബലപ്പെടുത്തല്‍) ആണെന്ന്‌ നമുക്കു പറയാം. കാരണം വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കാത്ത ജൂത-ക്രിസ്‌ത്യാനികള്‍ സത്യനിഷേധികളാണെന്ന്‌ നൂറില്‍ പരം സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അവര്‍ നരകത്തിലുമാണ്‌. അപ്പോള്‍ തൗറാത്തിനെയും ഇഞ്ചീലിനെയും ഖുര്‍ആന്‍ ഫലത്തില്‍ നസ്‌ഖ്‌ ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പലതരം തിന്മകളും പുണ്യമാണെന്ന്‌ വിചാരിച്ചു തന്നെ മനുഷ്യര്‍ അനുഷ്‌ഠിച്ചിരുന്നു. അവയെല്ലാം ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. ഇബ്‌റാഹീംനബി(അ)യുടെ മില്ലത്തില്‍ മനുഷ്യര്‍ നിര്‍മിച്ചുണ്ടാക്കിയതിനെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. അതുപോലെ പല പുണ്യകര്‍മത്തിലും പല പരിഷ്‌കരണം ഉണ്ടാക്കി. അങ്ങനെ ഫലത്തില്‍ അവയെയും നസ്‌ഖ്‌ ചെയ്‌തു. നമ്മുടെ മുന്നില്‍ ഇന്നുള്ള വിശുദ്ധ ഖുര്‍ആനില്‍ നാം കാണുന്ന ഏതെങ്കിലും സൂക്തം ദുര്‍ബലപ്പെട്ടത്‌ (മന്‍സൂഖ്‌ ആയത്ത്‌) ഉണ്ടോ ഇല്ലയോ. ഇതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം.
ഉണ്ടെങ്കില്‍ എത്ര സൂക്തങ്ങള്‍? അവ ഏതെല്ലാമാണ്‌? മുഹമ്മദ്‌ നബി(സ)യില്‍ നിന്ന്‌ സ്ഥിരപ്പെട്ട്‌ വന്ന ഹദീസുകളില്‍ ഏതെല്ലാം സൂക്തങ്ങളാണ്‌ ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന്‌ നബി(സ) ഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടോ അല്ലാതെയോ പ്രഖ്യാപിച്ചത്‌? നവയാഥാസ്ഥിതികര്‍ മറുപടി എഴുതുമെന്ന്‌ കരുതുന്നു. 

No comments:

Post a Comment