Wednesday, July 13, 2016

ജിന്ന് വിവാദം മുതല്‍ ദുരൂഹ തിരോധാനം വരെ : നവയാതാസ്തികര്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍


തിരോധാനത്തിലെ ദുരൂഹതകള്‍; മതവിശ്വാസം മനോരോഗമാകുമ്പോള്‍ സംഭവിക്കുന്നത്

By അഷ്‌റഫ് കടക്കല്‍
################
കേരളത്തിലെ ശ്രീനാരായണീയ പ്രസ്ഥാനം നവോത്ഥാന ചിന്തകളും പ്രവര്‍ത്തനങ്ങളുമായി കടന്നുവന്ന അതേസമയത്താണ് മുസ്ലിങ്ങള്‍ക്കിടയിലും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മറ്റും നേതൃത്വത്തില്‍ സമാന സ്വഭാവമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടുവന്നത്. ഈ നവോത്ഥാന ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഭൂരിഭാഗവും ഈജിപ്തിലെ മുസ്ലിം നവോത്ഥാന ചിന്തകന്മാരുടെ ആശയധാരയില്‍ ആകൃഷ്ടരായവരായിരുന്നു. പ്രധാനമായും മുഹമ്മദ് അബ്ദു, റഷീദ് രിദ മുതലായ ആധുനിക മുസ്ലിം ചിന്തകരാണ് ആഗോള തലത്തില്‍തന്നെ ഈ ചിന്താ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. ഈജിപ്തില്‍നിന്നുള്ള ഇവരുടെ പ്രസിദ്ധകീരണങ്ങള്‍ വായിക്കുകയും നവീനമായ ആ ആശയ തലത്തില്‍ പുതിയൊരു മതചിന്തയും ഉണര്‍വും ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായിരുന്നു കേരളത്തില്‍ വക്കം മൗലവിയെ പോലുള്ള പരിഷ്‌കര്‍ത്താക്കളുടെ ഉദയം.

വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നാക്കം നിന്നിരുന്ന സമുദായത്തില്‍ ആധുനികതയും അതിനനുസൃതമായ മുന്നേറ്റങ്ങളും ഉണ്ടാകാനുള്ള പ്രാധാന കാരണം ഈ നവോത്ഥാന നായകന്മാരുടെ ഇടപെടലാണ്. പില്‍ക്കാലത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട വിദ്യാഭ്യാസ പ്രസ്ഥാനമായാലും രാഷ്ട്രീയ പ്രസ്ഥാനമായാലും എല്ലാം തന്നെ ഈ നവോത്ഥാന ഉണര്‍വിന്റെ ഉപോത്പന്നങ്ങളായിരുന്നു. അതുകൊണ്ടാണ് നാട് സ്വതന്ത്രമായതിന് ശേഷം മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടുവന്നത് ഈ നവോത്ഥാന ധാരയില്‍പെട്ടവരായത്. അതോടൊപ്പം തന്നെ 1960കളില്‍ രൂപം കൊണ്ട എംഇഎസ് പോലുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായത് ഈ നേതാക്കളുടെയോ അല്ലെങ്കില്‍ ഇത്തരം ചിന്താധാരയെ പ്രതിനിധാനം ചെയ്ത നേതാക്കളുടെയോ പ്രവര്‍ത്തനളുമാണ്. എല്ലാറ്റിനുമുപരി 1960കള്‍ക്ക് ശേഷമുണ്ടായ മയലാളി മുസ്ലിങ്ങളുടെ ഗള്‍ഫ് കുടിയേറ്റം ഈ മേഖലകളിലെല്ലാം തന്നെ വിപ്ലവ സമാനമായ ഒരു പരിവര്‍ത്തനം തന്നെ ഉണ്ടാക്കി.


സാമ്പത്തിക നില മെച്ചപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഭൗതിക ജീവിത സാഹചര്യത്തില്‍ മാറ്റമുണ്ടായി. അതനുസരിച്ചുള്ള സ്ഥാപനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. അങ്ങയാണ് ഓത്തുപുരയില്‍ ഓതി പഠിച്ചിരുന്ന കുട്ടികള്‍ക്ക് വ്യവസ്ഥാപിതമായ സിലബസും സ്‌കീമും രൂപപ്പെട്ടതും സ്‌കള്‍ വിദ്യാഭ്യാസത്തിന് സമാനമായ ഒരു വിദ്യാഭ്യാസ സംവിധാനം മദ്രസകളില്‍ രൂപംകൊണ്ടതും. ഈ മുന്നേറ്റം കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു അവസ്ഥ സൃഷ്ടിച്ചു എന്നത് ജസ്റ്റിസ് രജീന്ദ്ര സചാറിന്റെ റിപ്പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഗള്‍ഫ് കുടിയേറ്റത്തിന്റെയും മതസംഘടകള്‍ക്കിടയിലുണ്ടായ സ്പര്‍ധകളുടെയും ഖണ്ഡനമണ്ഡനങ്ങളുടെയും രൂപത്തില്‍വന്ന സംവാദങ്ങളുമെല്ലാം തന്നെ പുരോഗതിയുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ആഘാതം സൃഷ്ടിക്കുന്നതായിട്ടാണ് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച സലഫി ചിന്താധാരയാണ് ഇതില്‍ ഏറ്റവും മോശമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടത്. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും മധ്യപൗരസ്ത്യ മേഖലയിലെ ഈജിപ്ത് പോലുളള മറ്റ് രാജ്യങ്ങളിലും സലഫി ധാരയിലുണ്ടായ ആശയ വ്യതിയാനവും മാര്‍ഗഭ്രംശവും സ്വാഭാവികമായും അത്തരം ആശയധാരയോട് അടുത്തുനില്‍ക്കുന്ന കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളിലും പ്രതിഫലിച്ചു.

പെട്രോഡോളറിന്റെ പ്രതികൂല സ്വാധീനം (Negative Impact) ഈ സംഘടനകളില്‍ പ്രകടമായി തുടങ്ങിയത് 90കള്‍ക്ക് ശേഷമാണ്. സ്വാഭാവികമായും സലഫിസത്തിലെ സൗദിധാരയും ഈജീപ്ഷ്യന്‍ധാരയും യമനീധാരയും അതിന്റേതായ സ്വാധീനം ഈ വിഭാഗത്തിലെ പണ്ഡിതന്മാരുടെ ആശയലോകത്തിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായി. ഇത് 90കളുടെ അവസാനം സംഘടനയെ നെടുകെ പിളര്‍ത്തി.

ഒരുവിഭാഗം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ചപ്പോള്‍ മറ്റൊരുവിഭാഗം അടഞ്ഞ ആശയങ്ങളുമായി ഇടുങ്ങിയ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുകയായിരുന്നു. സ്വാഭാവികമായും സംഘടനയ്ക്കുള്ളില്‍ ഇത് കൂടുതല്‍ ആശയസംഘട്ടനങ്ങള്‍ക്ക് കാരണമായി. ദൗര്‍ഭാഗ്യവശാല്‍, നവോത്ഥാന ചിന്തയുടെ ഏതെല്ലാം ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും നിലകൊണ്ടോ അതിന്റെ നേര്‍ വിപരീത ദിശയിലായി ഇത്തരക്കാരുടെ സഞ്ചാരം. രണ്ടായിരാമാണ്ടില്‍ സഘടന വീണ്ടും പിളര്‍ന്നു. ഇന്ന് അരഡസന്‍ കഷണമായി പൊട്ടിച്ചിതിറിയ അവസഥയിലാണ് മുജാഹിദ് എന്ന് അറിയപ്പെടുന്ന കേരളത്തിലെ സലഫി സംഘടന.


ഇതില്‍ മോഹഭംഗം വന്ന നല്ലൊരു ശതമാനം യുവസലഫികള്‍ പുതിയ ഇസ്ലാമിനെ അന്വേഷിച്ചുകൊണ്ട്, പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ട് അവരുടേതായ ആത്മീയ യാത്രകള്‍ നടത്തുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. ഇവരില്‍ പലരും എത്തിപ്പെട്ടത് അങ്ങേയറ്റം പ്രാകൃതമായ മതത്തിന്റെ അഥവാ ശുദ്ധമതത്തിന്റെ ലോകത്തിലേക്കായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിതം പരലോകത്ത് മാത്രമാണ്. പരലോകത്തിന് ഉപകരിക്കാത്തതെല്ലാം ഈ ലോകത്ത് അവരുടെ ജീവിത്തിലെ മാര്‍ഗ തടസങ്ങളായിട്ടാണ് അവര്‍ വിലയിരുത്തിയത്. സ്വാഭാവികമായും മേതതര പരിസരത്തില്‍, വിവിധ സംസ്‌കാര ധാരകളും വിവിധ വിശ്വാസ സംഹിതകളും ഇടകലര്‍ന്ന് ജീവിക്കുന്ന കേരളം പോലെ അഥവാ ഭാരതം പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിന്റെ തനത് രൂപം അതിന്റെ പൂര്‍ണ പവിത്രതയോടെ സംരക്ഷിച്ച് മുസ്ലിമായി ജീവിക്കാന്‍ പ്രായോഗിക പ്രയാസങ്ങളുള്ളതായി അത്തരക്കാര്‍ക്ക് അനുഭവപ്പെട്ടു. സമ്പൂര്‍ണ ഇസ്ലാമായി ജീവിക്കാന്‍ കഴിയാത്ത ചുറ്റുപാടിനെ അവര്‍ ദാറുല്‍ കുഫ്ര്‍ എന്നാണ് വിശേഷിപ്പിച്ചത്.

മിശ്രവിദ്യാലയങ്ങള്‍, മറ്റ് ജോലി സ്ഥലങ്ങള്‍, ആണും പെണ്ണും ഇടകലര്‍ന്ന പൊതുയിടങ്ങള്‍ ഇവയെല്ലാം തന്നെ ഇവരുടെ പ്യൂരിറ്റാനിക്കല്‍ ജീവിതത്തിന് വിഘാതമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.
ഈ ആശയത്തില്‍ ആകൃഷ്ടരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍ജിനിയറിങ്, മെഡിക്കല്‍ തുടങ്ങിയ പ്രഫഷണല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളും തങ്ങള്‍ ഇടപഴുകുന്ന ചുറ്റുപാട് അനിസ്ലാമികമാണെന്നും തങ്ങളുടെ വിദ്യാലയങ്ങളില്‍ സ്ത്രീകളുടെ ശബ്ദവും ശരീരവും കാണേണ്ടിവരുന്നുവെന്നും അത് മതവിശുദ്ധിയോടെയുള്ള ജീവിതത്തിന് തടസ്സമാകുന്നുവെന്നും ചിന്തിച്ചു.

ഇവരില്‍ പലരും പഠനം പാതി വഴിയില്‍ അവസാനിപ്പിച്ച് ആത്മീയ തീവ്രവാദത്തില്‍ അഭയം പ്രാപിക്കുന്ന അപകടകരമായ ഒരു അവസ്ഥ കേരളത്തില്‍, പ്രത്യേകിച്ച് മലബാറിന്റെ പല കോണുകളിലും വളര്‍ന്നു വരുന്നു. ഇവരെ സംബന്ധിച്ചിടത്തോളം പൊതു ഗതാഗത സംവിധാനം പോലും ഉപയോഗപ്പെടുത്താന്‍ അവരുടെ മനസ്സ് പൂര്‍ണമായി സമ്മതിക്കാറില്ല. കാരണം അതെല്ലാം തന്നെ മദ്യ വില്‍പയില്‍നിന്ന് കിട്ടുന്ന നികുതിപ്പണവും നിഷിദ്ധമായ ലോട്ടറിയുടെ ലാഭവിഹിതവും പലിശയുമായി ബന്ധപ്പെട്ട ഇസ്ലാം വിരുദ്ധമയ മുതലുകളും ചേരുന്നതാണ്. അതിനാല്‍ ഹറാമായത് ഭുജിക്കാന്‍, ഹറാമായ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ദാറുല്‍ ഖുഫ്‌റില്‍ ജീവിക്കുന്നവര്‍ നിര്‍ബന്ധിതിരാകുന്നു. അവരെ സംബന്ധിച്ച് ഇതില്‍നിന്നുള്ള മോചനം, ശബ്ദവും മുഖവുമില്ലാത്ത സ്ത്രീകളുള്ള, സംഗീതവും നൃത്തവും സിനിമയും നാടകവുമില്ലാത്ത, പലിശയും ലോട്ടറിയുമില്ലാത്ത ഒരു ജീവിത പരിസരത്തിലേക്ക് പലായനം ചെയ്യല്‍ മാത്രമാണ്.




ഇത്തരക്കാരില്‍ ഭൂരിഭാഗവും മതം പഠിക്കുന്നത് കേരളത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സംവിധാനത്തിലൂടെ രൂപപ്പെട്ട ഏതെങ്കിലും മതപാഠശാലയില്‍നിന്നോ അല്ലെങ്കില്‍ മതാധ്യാപകന്റെ അടുത്തുനിന്നോ ആയിരിക്കണമെന്നില്ല. മറിച്ച് ഓണ്‍ലൈന്‍ സ്രോതസ്സുകളെ ആശ്രയിച്ച് മതത്തെ പഠിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു പ്രതിസന്ധി കൂടിയാണ് ഇവിടെ രൂപപ്പെട്ടത്. ലോകത്തെ എല്ലാ തീവ്രവാദി പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയ പ്രചാരണത്തിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. ചിന്തയിലും പ്രവൃത്തിയിലും പ്രാകൃതമായ കാഴ്ചപ്പാടാണ് ഉള്ളതെങ്കിലും അത്യന്താധുനികമായ സാങ്കേതിക വിദ്യയില്‍ ഇത്തരക്കാരൊക്കെ മികവ് പുലര്‍ത്തുന്നവരാണ് എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുളള ഒരു വൈരുദ്ധ്യമാണ്. തന്നെയുമല്ല, മാനവിക വിഷയങ്ങളില്‍ പരിശീലനം നേടിയവര്‍ ഇത്തരക്കാരുടെ വലയില്‍ വീഴുന്നില്ല എന്നതും ഏറെ പ്രസക്തമാണ്. ആത്മാന്വേഷികളായ സത്യാന്വേഷണ മനസ്സുള്ള ഇതര മതസ്ഥരായ ആളുകള്‍ പലപപോഴും തങ്ങളുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന ഏതെങ്കിലും വിശ്വാസധാരയെ തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ, അത്തരക്കാര്‍ ചെന്നുപെടുന്നത് ഇങ്ങനെയുള്ള മനോരോഗികളുടെ കൂട്ടത്തിലേക്കാണെങ്കില്‍ ഈ മനോരോഗം അവരിലേക്കും പടരുമെന്നത് സ്വാഭാവികമായും മനസ്സിലാക്കാവുന്നകാര്യമാണ്. തിരോധാനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന സംഭവങ്ങളിലും ഇത്തരം ചില കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലാണ് കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തിരോധാനത്തിന്റെ അടിവേരുകള്‍ നാം പരതേണ്ടത്.


അല്ലാതെ എല്ലാറ്റിനും അല്‍ഖ്വയ്ദയും ഐഎസും ആണ് എന്ന മുന്‍വിധിയോടെ കാര്യങ്ങളെ വിശകലനം ചെയ്യുന്നത് ഇസ്ലാമോഫോബിയ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയള്ളൂ. അങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതിനെ സെന്‍സേഷനലൈസ് ചെയ്യുകയും ചെയ്താല്‍ അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാമെന്നല്ലാതെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ഉണ്ടായ ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ സാധിക്കില്ല.


ഇവിടെ യഥാര്‍ത്ഥത്തില്‍ വിശ്വാസം മനോരോഗമായതിന്റെ പ്രശ്‌നാണ്. ഈ മനോരോഗം ഒരുപക്ഷെ ആത്മീയ തീവ്രവാദത്തില്‍നിന്ന് മതതീവ്രവാദത്തിലേക്കും അതിലൂടെ ഭീകര പ്രവര്‍ത്തനങ്ങളിലേക്കും ചെന്നെത്തിപ്പെട്ടേക്കാം. കാരണം ഉത്‌ബോധനങ്ങളിലുടെ ‘അനിസ്ലാമിക’ പ്രവണതകളെ ഉന്മൂലം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ശക്തി പ്രയോഗിച്ചുകൊണ്ട് അത്തരം ഒരു സാഹചര്യം അഥവാ വിശ്വാസികള്‍ക്ക് അനുഗുണമായ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത്തരക്കാര്‍ തയ്യാറായിക്കൂടെന്നില്ല. സിറിയയിലും ഇറാഖിലും അഫ്ഗാനിസ്താനിലും താലിബാനും ഐഎസും ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണല്ലോ.




ബാമിയാനിലെ ബുദ്ധ പ്രതിമ തകര്‍ത്തപ്പോഴും പല്‍മീറയിലെ സ്തൂപങ്ങള്‍ നശിപ്പിച്ചപ്പോഴും മതവിശ്വാസത്തിലെ വിരുദ്ധമായ അഥവാ ഏക ദൈവ വിശ്വാസത്തിന് എതിരായ ഇത്തരം ഒരു അവസ്ഥ ഇല്ലാതാക്കാനാണ് തങ്ങള്‍ ഈ പ്രവര്‍ത്തനം ചെയ്തത് എന്നാണ് അവര്‍ വിശദീകരിച്ചത്. സ്ത്രീകളോട് അവരെ ഭീതിപ്പെടുത്തി ചാട്ടവാറുകൊണ്ട് അടിച്ച്, അതിനും വഴങ്ങിയില്ലെങ്കില്‍ അവര്‍ക്ക് വധശിക്ഷ നല്‍കി അവരുടെ പൊതുജീവിതം അവസാനിപ്പിക്കുകയും അഥവാ ജീവിതം തുടരണമെങ്കില്‍ വീടിന്റെ ഇരുട്ടറകളില്‍ ഒതുങ്ങിക്കഴിയണമെന്ന് ശഠിക്കുകയും ചെയ്യുന്ന ഈ പ്രാകൃത മനസ്സുകള്‍ക്ക് വെളിച്ചം നല്‍കണമെങ്കില്‍ യഥാര്‍ത്ഥ മതത്തിന്റെ ആശയങ്ങള്‍ പ്രസരിപ്പിക്കുകയും ആശയ സംഘട്ടനത്തിലൂടെ തന്നെ ഇത്തരക്കാരെ അമര്‍ച്ച ചെയ്യാനും സാധിക്കണം. അല്ലാതെ കേരളത്തില്‍ അബൂബക്കര്‍ ബാഗ്ദാദിക്കെതിരെ സെമിനാര്‍ നടത്തിയതുകൊണ്ടോ ഐഎസിനെതിരെ ക്യാംപെയന്‍ നടത്തിയതുകൊണ്ടോ ഇത്തരത്തിലുള്ള പ്രവണതകളെ നേരിടാന്‍ കഴിഞ്ഞെന്ന് വരില്ല. മറിച്ച് വഴിതെറ്റിയ ഇത്തരം ചെറുപ്പക്കാരെ കണ്ടെത്തുകയും ഇതിലൂടെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് ഏതെല്ലാം രൂപത്തില്‍ ഈ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന ആലോചനയും നടപടികളുമാണ് അടിയന്തരമായി നാം ചെയ്യേണ്ടത്. ഇത്തരം അപഥ സഞ്ചാരത്തില്‍പെട്ട, അതിന് നേതൃത്വം നല്‍കുന്ന വ്യക്തികളെ കണ്ടെത്തുകയും അവരെ നിയമ നടപടിയിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലൂടെ നിശബ്ദരാക്കാനുള്ള നടപടികളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതില്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് മത സംഘടനകളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുമാണ്.



മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുകൊണ്ട് ഐഎസ് വിരുദ്ധ ക്യാംപെയിന് നേതൃത്വം നല്‍കാന്‍ മുസ്ലിം ലീഗ് മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, വിഷയത്തിന്റെ മര്‍മ്മം മനസ്സിലാക്കി പ്രശ്‌നത്തിന് പരിഹാര മാര്‍ഗം എന്താണ് എന്ന് കൂടുതല്‍ അവധാനതയോടെ ആലോചിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ തയ്യാറാക്കാനും സംഘടനകളെ സജീവമാക്കാനും മുസ്ലിം ലീഗ് നേതൃത്വം കുറച്ചുകൂടി ശുഷ്‌കാന്തി കാട്ടേണ്ടതുണ്ട്. അതുപോലെ തന്നെ കേരളത്തിലെ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്കും മനഃശാസ്ത്രജ്ഞന്മാര്‍ക്കും ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമവും ക്രിയാത്മകവുമായ ഇടപെടല്‍ നടത്താനാകും. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലുണ്ടായ സാമൂഹകവും വിദ്യാഭാസപരവും സാമ്പത്തികവുമായ കുതിച്ചുചാട്ടങ്ങളുടെ ഗുണഫലങ്ങള്‍ മുച്ചൂടും ഇല്ലാതാക്കുന്ന അത്യന്തം അപകടകരമായ ഒരുപ്രവണതയാണ് ഇന്ന് നാം കേരളത്തില്‍ കണ്ട ഈ സംഭവ വികാസങ്ങള്‍. ഏകസിവില്‍കോഡ് മുതലായ വിഷയങ്ങളില്‍ മതസംഘടനകള്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ഇത്തരം കാര്യങ്ങളിലും ഉണ്ടായാല്‍ അത് ഒരു തലമുറയെ രക്ഷിച്ചെടുക്കാന്‍ സഹായിക്കും. വിശ്വാസപരവും വൈകാരികവുമായ വിഷയങ്ങളിലെ അമിതാവേശം അല്‍പമൊന്ന് ശമിപ്പിച്ചുകൊണ്ട് യാഥാര്‍ഥ്യ ബോധത്തോടെ വിഷയങ്ങളെ വിലയിരുത്തി തങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ നവീകരിക്കാനും പുനഃസംഘടിപ്പിക്കാനും മുസ്ലിങ്ങള്‍ക്കിടിയിലെ മതസംഘടകളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണം എന്നുകൂടി ഉണര്‍ത്തട്ടെ.

No comments:

Post a Comment