Sunday, July 22, 2012

നബി(സ)ക്ക്‌ സിഹ്‌റ്‌ബാധ റിപ്പോര്‍ട്ടുകളിലെ വൈരുധ്യങ്ങള്‍!!!!


ഇസ്‌ലാമില്‍ ഹദീസുകളുടെ സ്ഥാനം തര്‍ക്കമറ്റതാണ്‌. കര്‍മപരമായ ബഹുഭൂരിപക്ഷം കാര്യങ്ങളും നാം അനുഷ്‌ഠിച്ചുവരുന്നത്‌ ഹദീസുകള്‍ ആധാരമാക്കിയാണ്‌. ഹദീസുകള്‍ ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമാണ്‌. ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ്‌ ഹദീസുകള്‍. മറിച്ച്‌ ഹദീസിന്റെ വിശദീകരണമല്ല ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിനോട്‌ യോജിച്ചു വരേണ്ടതുണ്ട്‌. ഒരിക്കലും ഹദീസുകള്‍ ഖുര്‍ആനിന്‌ എതിരാകാന്‍ പാടുള്ളതല്ല. എന്നാല്‍ ഈ അടുത്ത കാലത്ത്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനും അവകള്‍ക്ക്‌ പുതുജീവന്‍ നല്‍കാനും വേണ്ടി ചിലര്‍ മുജാഹിദുകളുടെ പേരില്‍ പ്രചരിപ്പിച്ചുവരുന്നത്‌ ഖുര്‍ആനിനും ഹദീസിനും തുല്യസ്ഥാനമാണ്‌ ഉള്ളത്‌ എന്നാണ്‌. ഇതിന്റെ കാരണം അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധഖുര്‍ആനിനും തൗഹീദിനും വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ഥാപിച്ചെടുക്കാന്‍ എളുപ്പമാണ്‌ എന്നതാണ്‌. 
എന്നാല്‍ വിശുദ്ധഖുര്‍ആന്‍ നൂറുശതമാനം സത്യസന്ധവും അല്ലാഹുവിന്റെ വചനങ്ങളുമാണ്‌. ഹദീസുകള്‍ അപ്രകാരമല്ല. അവ വ്യത്യസ്‌തമായ നിലവാരം പുലര്‍ത്തുന്നവയാണ്‌. മൗദ്വൂഅ്‌ (നിര്‍മിതം), ദ്വഈഫ്‌ (ദുര്‍ബലം), മുദ്‌ത്വരിബ്‌ (ആശയക്കുഴപ്പം വന്നത്‌) എന്നിവ ഹദീസുകളുടെ വ്യത്യസ്‌ത ഇനങ്ങളില്‍ പെട്ടതാണ്‌. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ നിര്‍മിതമോ ദുര്‍ബലമോ ആശയക്കുഴപ്പമോ ആയിട്ടുള്ള ഒരൊറ്റ ആയത്തും ഇല്ല എന്ന വസ്‌തുത തര്‍ക്കമറ്റതാണ്‌. അതുകൊണ്ടുതന്നെയാണ്‌ അഹ്‌ലുസ്സുന്നയുടെ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ചില നിബന്ധനകള്‍ വെച്ചിട്ടുള്ളതും. നബി(സ)യുടെ പേരില്‍ പതിനായിരത്തോളം ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌ പണ്ഡിതാഭിപ്രായം. നബി(സ) മഅ്‌സ്വൂം (പാപസുരക്ഷിതന്‍) ആണ്‌. നബി(സ)യല്ലാത്ത ആരിലും തെറ്റുകുറ്റങ്ങള്‍ സംഭവിക്കാം എന്നതാണ്‌ മുസ്‌ലിം പണ്ഡിതലോകത്തിന്റെ ഏകകണ്‌ഠമായ അഭിപ്രായം. അതില്‍ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി എന്നീ വ്യത്യാസങ്ങളൊന്നുമില്ല. മാത്രമല്ല ബുഖാരി(റ) ഉദ്ധരിക്കുന്ന മുഴുവന്‍ റിപ്പോര്‍ട്ടുകളും സ്വഹീഹായിരിക്കുമെന്നും അവ നിങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാഹുവോ റസൂലോ എവിടെയും പറഞ്ഞിട്ടുമില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ സത്യസന്ധമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ പറഞ്ഞിട്ടുമുണ്ട്‌.
ഒരു ഹദീസ്‌ വിശുദ്ധഖുര്‍ആനിന്റെ കല്‌പനയ്‌ക്കും സാമാന്യബുദ്ധിക്കും നാം കണ്ടുവരുന്ന യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമാണെങ്കില്‍ അത്തരം കാര്യങ്ങള്‍ നബി(സ) പറഞ്ഞതാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തള്ളിക്കളയണം എന്നാണ്‌ അഹ്‌ലുസ്സുന്നയുടെ ഹദീസ്‌ നിദാനശാസ്‌ത്രം പഠിപ്പിച്ചിട്ടുള്ള സമുന്നതരായ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. അവിടെ ബുഖാരിയെന്നോ മറ്റുള്ള മുഹദ്ദിസുകളെന്നോ യാതൊരു വേര്‍തിരിവും അവര്‍ കല്‌പിച്ചിട്ടില്ല. ഇസ്‌ലാമിന്റെ അവസാന വാക്ക്‌ അല്‍ബാനി(റ) അല്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്‌. അദ്ദേഹം സമുന്നതനായ ഒരു പണ്ഡിതന്‍ തന്നെയാണ്‌. പക്ഷെ, അദ്ദേഹത്തേക്കാള്‍ സമുന്നതരായിട്ടുള്ള എത്രയോ പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. സ്വഹീഹുല്‍ ബുഖാരിയില്‍ വിമര്‍ശനത്തിന്‌ വിധേയമായിട്ടുള്ളതോ വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമായിട്ടുള്ളതോ ആയ ഒരൊറ്റ ഹദീസും ഇല്ലായെന്നും നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന ഹദീസ്‌ യാതൊരു നിലക്കും വിമര്‍ശിക്കപ്പെട്ടിട്ടില്ല എന്നൊക്കെയുള്ള വാദങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണ്‌.
മുന്‍ഗാമികളുടെ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ള നിരവധി ഹദീസുകള്‍ ബുഖാരിയിലുണ്ട്‌ എന്നത്‌ ഹദീസുകളുടെ യാഥാര്‍ഥ്യം ഗ്രഹിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്‌. എന്നിട്ടും ആരും തന്നെ പരസ്‌പരം ഹദീസ്‌നിഷേധം ആരോപിച്ചിട്ടില്ല. ഏറ്റവും വലിയ ഹദീസ്‌ നിഷേധിയായിരുന്ന ചേകന്നൂരിന്‌ തകര്‍പ്പന്‍ മറുപടി എഴുതിയ അബ്‌ദുസ്സലാം സുല്ലമിയെ ഹദീസ്‌ നിഷേധി എന്ന്‌ വിളിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഏറ്റവും വലിയ തമാശയാണ്‌.
നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന ബുഖാരിയുടെ റിപ്പോര്‍ട്ട്‌ വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമാണ്‌ എന്ന വസ്‌തുത ഖുര്‍ആന്‍ പഠിച്ച ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഇവിടെ ബുഖാരി(റ)യെ ഇടിച്ചുതാഴ്‌ത്തുക എന്ന പ്രശ്‌നമേയില്ല. മറിച്ച്‌ അല്ലാഹുവിനെയും അവന്റെ വചനങ്ങളെയും ഉയര്‍ത്തിക്കാട്ടുക മാത്രമാണ്‌. എത്ര ആനുകൂല്യം ലഭിച്ചാലും ശരി അല്ലാഹുവിന്റെ വചനങ്ങളെ നിസ്സാരമാക്കാനോ ഇകഴ്‌ത്താനോ തള്ളിക്കളയാനോ ഒരു യഥാര്‍ഥ മുജാഹിദിന്‌ കഴിയുന്നതല്ല. ഇനി സ്വഹീഹുല്‍ ബുഖാരിയില്‍ ഖുര്‍ആനിന്‌ വിരുദ്ധവും വിമര്‍ശന വിധേയവുമായിട്ടുള്ള വല്ല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ടോ? ഏതാനും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
ഒന്ന്‌). ``അബൂലഹബ്‌ നബി(സ) ജനിച്ച സന്തോഷം കാരണം തന്റെ അടിമസ്‌ത്രീയെ മോചിപ്പിച്ചു. അക്കാരണത്താല്‍ അബൂലഹബിന്‌ നരകത്തില്‍ പ്രത്യേക കുടിനീര്‍ നല്‌കപ്പെടുന്നു.'' (ബുഖാരി 5101)
ഈ ഹദീസിനെക്കുറിച്ച്‌ ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) രേഖപ്പെടുത്തുന്നു: ``സത്യനിഷേധി സല്‍ക്കര്‍മം അനുഷ്‌ഠിച്ചാല്‍ പരലോകത്ത്‌ പ്രയോജനം ലഭിക്കുമെന്ന്‌ ഈ ഹദീസില്‍ തെളിവുണ്ട്‌. പക്ഷെ ഈ ഹദീസ്‌ വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനക്ക്‌ വിരുദ്ധമാണ്‌'' (ഫത്‌ഹുല്‍ബാരി 11/404). അല്ലാഹു വിശുദ്ധഖുര്‍ആനിലൂടെ പേരെടുത്തു പറഞ്ഞുകൊണ്ട്‌ ശപിക്കുകയും നരകത്തില്‍ കടന്ന്‌ കത്തിയെരിയുകയും ചെയ്യും എന്ന്‌ പറയപ്പെട്ട അബൂലഹബിന്‌ ഹദീസിലൂടെ ഇളവ്‌ നല്‌കിയിരിക്കുകയാണ്‌.
ഇനി ബുഖാരിയില്‍ വിമര്‍ശനവിധേയമായിട്ടുള്ള ഒരൊറ്റ ഹദീസും ഇല്ല എന്ന്‌ ജല്‌പിച്ചു നടക്കുന്നവരുടെ നേതാവ്‌ സകരിയ്യാ സ്വലാഹി മേല്‍ ഹദീസിനെ വിലയിരുത്തിയത്‌ ശ്രദ്ധിക്കുക: ``ഖുര്‍ആന്‍ പേരെടുത്ത്‌ ശപിച്ച, നരകാവകാശിയെന്ന്‌ തീര്‍ത്തുപറഞ്ഞ ഒരു വ്യക്തിക്ക്‌ നരകശിക്ഷയില്‍ ഇളവുകിട്ടുമെന്ന്‌ പറയുന്നത്‌ ഖുര്‍ആനിന്‌ എതിരാണെന്ന്‌ ഇബ്‌നുഹജര്‍(റ) വ്യക്തമാക്കിയിട്ടുമുണ്ട്‌.'' (സലഫീ പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും പേജ്‌ 14)
രണ്ട്‌). അംറുബ്‌നുമൈമൂന്‍(റ) പ്രസ്‌താവിക്കുന്നു: ഞാന്‍ ജാഹിലിയ്യാ കാലഘട്ടത്തില്‍ ഒരു കുരങ്ങനെ കണ്ടു. അവള്‍ക്കു ചുറ്റും കുരങ്ങന്മാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യഭിചരിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ (കുരങ്ങന്മാര്‍) അവളെ എറിഞ്ഞുകൊന്നു. അവരോടൊപ്പം ഞാനും അവളെ എറിഞ്ഞു.'' (ബുഖാരി 3849)
ഈ ഹദീസിനെ ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``ഈ കഥയെ ഇബ്‌നു അബ്‌ദുല്‍ ബര്‍റ്‌(റ) തള്ളിക്കളഞ്ഞിരിക്കുന്നു. ഈ ഹദീസില്‍ അല്ലാഹുവിന്റെ കല്‌പനക്ക്‌ വിധേയരല്ലാത്ത ജീവികളുടെ മേല്‍ വ്യഭിചാരം ബന്ധപ്പെടുത്തലും നാല്‍ക്കാലികളുടെ മേല്‍ ശിക്ഷാവിധി സ്ഥാപിക്കലും ഉണ്ടെന്നും അദ്ദേഹം പ്രസ്‌താവിച്ചിരിക്കുന്നു. വിജ്ഞാനമുള്ളവരെല്ലാം ഈ കഥ തള്ളിക്കളഞ്ഞിരിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 8:806)
മേല്‍പറഞ്ഞ റിപ്പോര്‍ട്ടിന്‌ ഇസ്‌ലാമുമായും വിശുദ്ധ ഖുര്‍ആനുമായും പുലബന്ധം പോലുമില്ലെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാകും. ഒന്ന്‌: വ്യഭിചരിച്ച പെണ്‍കുരങ്ങനെ എറിഞ്ഞുകൊല്ലുക എന്ന ശിക്ഷാവിധിക്ക്‌ വിധേയമാക്കുന്നത്‌ ജാഹിലിയ്യാ കാലത്താണ്‌. ജാഹിലിയ്യാകാലത്ത്‌ ഇസ്‌ലാമിക നിയമമുണ്ടായിരുന്നോ? രണ്ട്‌: നാല്‌ക്കാലികള്‍ക്ക്‌ ഇസ്‌ലാമിലെ ശിക്ഷാവിധി ബാധകമാണോ? ഇതുപോലുള്ളതോ ഇതിനേക്കാള്‍ വഷളായതോ ആയിട്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സ്വഹീഹുല്‍ ബുഖാരിയിലുണ്ട്‌. ലേഖന ദൈര്‍ഘ്യം ഭയന്ന്‌ തല്‌ക്കാലം രണ്ടു സംഭവങ്ങളില്‍ അവസാനിപ്പിക്കുന്നു.
മറ്റൊരു ന്യായം ഇപ്രകാരമാണ്‌: ബുഖാരിയിലെ ഹദീസുകളുടെ സനദുകള്‍ കുറ്റമറ്റതാണ്‌. അതിനാല്‍ അത്തരം ഹദീസുകള്‍ ഒരിക്കലും വിമര്‍ശനവിധേയമാക്കരുത്‌. ഈ വാദവും അറിവില്ലായ്‌മയില്‍ നിന്നും ഉടലെടുത്തതാണ്‌. കാരണം ഒരു ഹദീസ്‌ ഉദ്ധരിക്കുന്നത്‌ ദീനിലെ പ്രധാനപ്പെട്ട ഒരു കാര്യം ജനങ്ങളെ പഠിപ്പിക്കുവാനാണ്‌. ആ കാര്യത്തിന്‌ മത്‌ന്‌ (മാറ്റര്‍) എന്നാണ്‌ പറയുക. സനദ്‌ (പരമ്പര) എന്നത്‌ ആ കാര്യത്തിലേക്ക്‌ എത്തിപ്പെടാനുള്ള മാര്‍ഗമാണ്‌. അഥവാ മത്‌ന്‌ തലയും സനദ്‌ വാലുമാണ്‌. സനദിനെക്കാള്‍ ശരിയായി വരേണ്ടത്‌ മത്‌നാണ്‌. ഒരു ഹദീസ്‌ സ്വീകാര്യയോഗ്യമായിത്തീരാന്‍ സനദ്‌ മാത്രം ശരിയായാല്‍ പോരാ. അക്കാര്യം ഹദീസ്‌ നിദാനശാസ്‌ത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ജലാലുദ്ദീനുസ്സുയൂഥിയുടെ പ്രസ്‌താവന ഇപ്രകാരമാണ്‌: ``ഇമാം ബൈഹഖിയുടെ പ്രസ്‌താവനയാണിത്‌. ഒരു ഹദീസിന്റെ പരമ്പര ശരിയാവുക എന്നത്‌ ഹദീസിന്റെ മത്‌ന്‌ ശരിയാവുക എന്നതിനെ അനിവാര്യമാക്കുകയില്ലെന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഹദീസിന്റെ മത്‌നിലും പോരായ്‌മകളും ഒറ്റപ്പെടലും ഉണ്ടാകും.'' (അല്‍ഹാവീലില്‍ ഫതാവാ 2:124)
മറ്റു പല പണ്ഡിതന്മാരും ഇപ്രകാരം പ്രസ്‌താവിച്ചിട്ടുണ്ട്‌. നബി(സ)ക്ക്‌ ആറ്‌ മാസത്തോളം സിഹ്‌റുബാധിച്ച്‌, ചെയ്‌തത്‌ ചെയ്യാത്തതായും ചെയ്യാത്തത്‌ ചെയ്‌തതായും തോന്നി എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക നബി(സ)ക്ക്‌ ആറ്‌ മാസം ബുദ്ധിഭ്രമം ബാധിച്ചു എന്നുതന്നെയാണ്‌. അവിടെ പിശാചിന്നു മുന്നില്‍ പരാജയപ്പെടുന്നത്‌ അല്ലാഹു മാത്രമല്ല, മറിച്ച്‌ വഹ്‌യുമായി വരുന്ന ജിബ്‌രീലും(അ) കൂടിയാണ്‌. ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നെങ്കില്‍ അതൊരു മഹാസംഭവമായി വിശുദ്ധ ഖുര്‍ആനില്‍ വരുമായിരുന്നു. കാരണം ഏതാനും ദിവസങ്ങള്‍ നബി(സ)ക്ക്‌ വഹ്‌യ്‌ നിലച്ചപ്പോഴേക്കും മുശ്‌രിക്കുകള്‍ ഇപ്രകാരം പറയാന്‍ തുടങ്ങി: ``മുഹമ്മദിനെ അവന്റെ രക്ഷിതാവ്‌ കൈവെടിഞ്ഞിരിക്കുന്നു.'' അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു: ``താങ്കളെ താങ്കളുടെ രക്ഷിതാവ്‌ കൈവെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.'' (ബുഖാരി, മുസ്‌ലിം)
നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന റിപ്പോര്‍ട്ട്‌ മക്കയിലെ മുശ്‌രിക്കുകളുടെ വാദം ശരിവെക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധവുമാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന്‌ പ്രചരിപ്പിച്ചവര്‍ മുശ്‌രിക്കുകളാണ്‌. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സിഹ്‌റുബാധിച്ച ഒരു മനുഷ്യനെയല്ലാതെ പിന്‍തുടരുന്നില്ല എന്ന്‌ അക്രമികള്‍ പറയുന്ന സന്ദര്‍ഭവും. നബിയേ, നോക്കൂ എങ്ങനെയാണ്‌ അവര്‍ താങ്കളെ ഉപമിച്ചതെന്ന്‌. അതിനാല്‍ അവര്‍ വഴിപിഴിച്ചുപോയിരിക്കുന്നു. അവര്‍ക്ക്‌ ഒരു വഴിയും സ്വീകരിക്കാന്‍ സാധ്യമല്ല.'' (ഇസ്‌റാഅ്‌ 47,48)
നബി(സ)യെ സംബന്ധിച്ച്‌ സിഹ്‌റുബാധിച്ചവന്‍ എന്ന്‌ പറഞ്ഞു പരത്തിയത്‌ അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറത്ത്‌ പോലുള്ളവരാണെന്ന്‌ ഇമാം ഖുര്‍ത്വുബിയും, ഖുറൈശി കാഫിറുകളുടെ നേതാക്കളാണെന്ന്‌ ഇമാം ഇബ്‌നുകസീറും വിശദീകരിക്കുന്നു. കേരളത്തില്‍ ഈ പ്രചരണവുമായി നടക്കുന്നത്‌ ആരാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക്‌ നേര്‍വഴി കാണാന്‍ പ്രയാസമാണെന്നും മേല്‍വചനത്തിലുണ്ട്‌.
ഇനി മുമ്പ്‌ വിശദീകരിച്ചതുപോലെ ഒരു റിപ്പോര്‍ട്ട്‌ അത്‌ ആരുടേതായിരുന്നാലും ശരി, ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധമാണെങ്കില്‍ അത്‌ തള്ളിക്കളയണം എന്നാണ്‌ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ തര്‍ക്കമില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒരു ഉദാഹരണം: ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ``ഒരു ഹദീസ്‌ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പന, മുതവാതിറായ ഹദീസുകള്‍, ഖണ്ഡിതമായ ഇജ്‌മാഅ്‌, സാമാന്യബുദ്ധി എന്നിവയ്‌ക്ക്‌ എതിരാണെങ്കില്‍ അത്തരം ഹദീസുകള്‍ നിര്‍മിതങ്ങളാണ്‌ (നുഖ്‌ബ പേജ്‌ 113). എന്നാല്‍ ഇമാം സഖാവി ഇബ്‌നുല്‍ ജൗസി പറഞ്ഞതായി ഉദ്ധരിക്കുന്നു: ``അത്തരം റിപ്പോര്‍ട്ടുകള്‍ ആരാണ്‌ ഉദ്ധരിച്ചത്‌ എന്ന്‌ പരിഗണിക്കേണ്ടതില്ല'' (ഫത്‌ഹുല്‍മുഗീസ്‌ 1:290) എന്നും കൂടി രേഖപ്പെടുത്തിയിട്ടുണ്ട്‌. ബുഖാരിയെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ല എന്നര്‍ഥം.
സിഹ്‌റിനെ സംബന്ധിച്ച്‌ ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ ഒരുപാട്‌ ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമുണ്ട്‌. അക്കാര്യം ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ``ഹിശാമുബ്‌നു ഉര്‍വ താബിഉകളില്‍ പെട്ട ഒരു വ്യക്തിയാണ്‌. യഅ്‌ഖൂബുബ്‌നു ശൈബ പ്രസ്‌താവിച്ചു: അദ്ദേഹത്തിന്റെ വിശ്വസ്‌തതയെ ആരും തന്നെ നിഷേധിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം ഇറാഖില്‍ എത്തിപ്പെട്ടതിനു ശേഷം തന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ (അദ്ദേഹം പറയാത്ത) പലതും പരത്തിപ്പറഞ്ഞു. അതിനാല്‍ ആ നാട്ടുകാര്‍ അദ്ദേഹത്തെ വെറുത്തു. (ഫത്‌ഹുല്‍ബാരി, മുഖദ്ദിമ, പേജ്‌ 702)
ഇമാം ദഹബി രേഖപ്പെടുത്തി: ``മരിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു'' (മീസാനുല്‍ ഇഅ്‌തിദാല്‍ 11:46). ഇബ്‌നുഖുറാശ്‌ പ്രസ്‌താവിച്ചു: ``ഇമാംമാലിക്‌ അദ്ദേഹത്തെ ഇഷ്‌ടപ്പെട്ടിരുന്നില്ല.'' (ഫത്‌ഹുല്‍ബാരി മുഖദ്ദിമ പേജ്‌ 702). ഇമാം ശാഫിഈ(റ)യും ഹിശാമില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസ്‌ ദുര്‍ബലമായി കണ്ടിരുന്നു എന്ന്‌ ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ബാരി 6:707ല്‍ വിശദീകരിച്ചിട്ടുണ്ട്‌.
ചുരുക്കത്തില്‍ ഹിശാമിന്‌ ഇറാഖില്‍ വന്നതിന്‌ ശേഷം സ്വഭാവത്തിലും മറ്റും ഒരുപാട്‌ പരിവര്‍ത്തനങ്ങള്‍ വന്നു. ഈമാന്‍ കൂടലും കുറയലും മുസ്‌ലിമിന്‌ പറയപ്പെട്ടതാണ്‌. ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ വെച്ചാണ്‌ അദ്ദേഹം നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ച ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌. ഈ ഹദീസിന്റെ മത്‌ന്‌ പരിശോധിച്ചാല്‍ ഒരുപാട്‌ ആശയക്കുഴപ്പങ്ങള്‍ കാണാം. ഒന്ന്‌: ബുഖാരി 5763 -ാം നമ്പര്‍ ഹദീസില്‍ പറയുന്നത്‌, നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തത്‌ ലബീദുബ്‌നുല്‍ അഅ്‌സ്വം എന്ന യഹൂദിയാണെന്നാണ്‌. ഇമാംറാസിയുടെ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പെണ്‍മക്കളാണ്‌ എന്നാണ്‌.
രണ്ട്‌: ഫത്‌ഹുല്‍ബാരി 13:150 ല്‍ പറയുന്നു: നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തത്‌ യഹൂദിയാണെന്നാണ്‌. അതേവാള്യം അതേ നമ്പറില്‍ പറയുന്നത്‌, സിഹ്‌റ്‌ ചെയ്‌തത്‌ അന്‍സാരിയാണെന്ന്‌. മൂന്ന്‌: ഫത്‌ഹുല്‍ബാരി 13:150ല്‍ പറയുന്നു: നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചത്‌ ആറ്‌ മാസമാണെന്ന്‌. അതേപേജില്‍ അതേനമ്പറില്‍ പറയുന്നു: 40 ദിവസമാണെന്ന്‌. നാല്‌: ബുഖാരി ഹദീസ്‌ നമ്പര്‍ 3175, 5763 നമ്പറുകളില്‍ വന്ന ഹദീസുകളില്‍ നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തു നിക്ഷേപിച്ച കിണര്‍ കുഴിച്ചുമൂടി എന്ന്‌. എന്നാല്‍ 6063-ാം ഹദീസില്‍ സിഹ്‌റുചെയ്‌തിട്ട വസ്‌തുക്കള്‍ പുറത്തെടുത്തു എന്നാണ്‌. ഇത്തരം ആശയക്കുഴപ്പമുള്ള ഹദീസുകള്‍ക്ക്‌ മുദ്‌ത്വറബ്‌ (ആശയക്കുഴപ്പത്തിലാക്കപ്പെട്ടത്‌) എന്നാണ്‌ പറയപ്പെടുക. ഇത്‌ തെളിവാക്കാന്‍ പറ്റില്ലെന്നാണ്‌ പണ്ഡിതാഭിപ്രായം.
ഇമാം സഖാവി രേഖപ്പെടുത്തുന്നു: ``ഒരു ഹദീസിന്റെ പരമ്പരയിലോ മത്‌നിലോ വരുന്ന ആശയക്കുഴപ്പം ഹദീസിനെ നിര്‍ബന്ധമായും ദുര്‍ബലമാക്കും.'' (ഫത്‌ഹുല്‍മുഗീസ്‌ 1:225)
ഈ വിഷയത്തില്‍ പറയപ്പെടാറുള്ള മറ്റൊരു അബദ്ധം സൂറത്തുല്‍ ഫലഖും സുറത്തുല്‍ ഇഖ്‌ലാസും അവതരിപ്പിച്ചത്‌ സിഹ്‌റിന്‌ ചികിത്സ എന്ന നിലയിലാണ്‌ എന്നതാണ്‌. മേല്‍ രണ്ടു സൂറത്തുകളും മക്കയില്‍ വെച്ചാണ്‌ അവതരിച്ചത്‌. ഇമാം മറാഗീ രേഖപ്പെടുത്തി: ``ഈ സൂറത്തുകള്‍ മക്കയില്‍ അവതരിച്ചതാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചത്‌ മദീനയില്‍ വെച്ചാണ്‌.'' (തഫ്‌സീറുല്‍ മറാഗീ 3:268) ബൈഹഖി ഉദ്ധരിച്ച മേല്‍ ഹദീസിന്റെ പരമ്പര ദുര്‍ബലമാണെന്ന്‌ ഫത്‌ഹുല്‍ബാരി 13:149 പരിശോധിച്ചാല്‍ മനസ്സിലാക്കാം. സിഹ്‌റ്‌ മിഥ്യയും അടിസ്ഥാനരഹിതവുമാണെന്നും അതിന്‌ യാതൊരുവിധ പ്രതികരണവും വരുത്താന്‍ സാധ്യമല്ലെന്നും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിരവധി പണ്ഡിതന്മാരുടെ ഉദ്ധരണികളിലൂടെ വ്യക്തമാക്കുകയുണ്ടായി.

No comments:

Post a Comment